നെടുങ്കണ്ടം: വനിതകള്‍ കൈവച്ചിട്ടില്ലാത്ത ഗതാഗത സംവിധാനത്തില്‍ വിജയക്കൊടി പാറിക്കുകയാണ് രണ്ട് വീട്ടമ്മമാര്‍. വെല്ലുവിളികളെ മറികടന്ന് സ്വന്തം വഴി നിര്‍മിക്കുന്ന വിജയഗാഥയാണ് എഴുകുംവയല്‍ പ്ലാത്തറ നീതു വര്‍ഗീസിനും ബഥേല്‍ കപ്പലുമാക്കല്‍ ജിലു ചാക്കോയ്ക്കും പറയാനുള്ളത്.
സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമായിരുന്നു ബന്ധുക്കളായ ഇരുവര്‍ക്കും ഉണ്ടായിരുന്നത്. പല ബിസിനസുകളും ചെയ്തെങ്കിലും പാഴ്ചെലവുകളും നഷ്ടങ്ങളുമായിരുന്നു മിച്ചം. പിന്നീടാണ് ബസ് സര്‍വീസിനെക്കുറിച്ച് ചിന്തിച്ചത്. ഇരുവര്‍ക്കും ചെറുപ്പംമുതലുള്ള ബസ് പ്രേമംകൂടി ചേര്‍ന്നപ്പോള്‍ പുതിയ ആശയം രൂപപ്പെടുകയായിരുന്നു. വിദൂര യാത്രകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇവരുടെ ‘മിടുക്കി’ ബസ് സര്‍വീസ് നടത്തുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 16 ന് നെടുങ്കണ്ടത്തുനിന്നു തിരുവനന്തപുരത്തേക്ക് രാത്രി സര്‍വീസ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍, യാത്ര തുടങ്ങും മുമ്പേ മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തു. പിന്നീട് മൂന്നു മാസത്തോളം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ കിടന്ന ബസ് ഡിസംബറിലാണ് പുറത്തിറക്കിയത്. ഇതിനായി മൂന്നു മാസത്തോളം നിയമപോരാട്ടം ഈ വീട്ടമ്മമാര്‍ നടത്തി.
ടൂറിസ്റ്റ് പെർമിറ്റിൽ സർവീസ് നടത്തുന്നു എന്നാതായിരുന്നു പരാതി. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഡിസംബര്‍ 29ന് സര്‍വീസ് ആരംഭിച്ചു.
എല്ലാ ദിവസവും രാത്രി രണ്ടിന് നെടുങ്കണ്ടത്തുനിന്ന് ആരംഭിച്ച് രാവിലെ 8.30ന് തിരുവനന്തപുരത്ത് ‘മിടുക്കി’ ബസ് എത്തും. വൈകുന്നേരം അഞ്ചിന് തിരികെ പുറപ്പെട്ട് രാത്രി 12.45 ന് നെടുങ്കണ്ടത്ത് എത്തിച്ചേരും. ബസ് സർവീസ് വിജയകരമായതിനെത്തുടര്‍ന്ന് കട്ടപ്പനയിൽനിന്നു നെടുങ്കണ്ടം വഴി കോയമ്പത്തൂരിലേക്കും രാത്രികാല സര്‍വീസ് കഴിഞ്ഞമാസം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നിന് കട്ടപ്പനയില്‍നിന്ന് ആരംഭിച്ച് രാവിലെ 10.20ന് കോയമ്പത്തൂരിലെത്തുന്ന ബസ് വൈകുന്നേരം നാലിന് തിരികെ പുറപ്പെട്ട് രാത്രി 12.45ന് കട്ടപ്പനയില്‍ എത്തും.
ഇരു ബസുകളിലും നിറയെ യാത്രക്കാരുണ്ടെന്ന് നീതുവും ജിലുവും പറയുന്നു. സ്ത്രീകൾക്ക് ബസ് സര്‍വീസും ഇണങ്ങുമെന്ന് ഇവർ തെളിയിച്ചിരിക്കുകയാണ്. നീതുവിന്റെ ഭര്‍ത്താവ് ജോമിനും ജിലുവിന്റെ ഭര്‍ത്താവ് ടോണിയും ഇരുവര്‍ക്കും മികച്ച പിന്തുണയാണ് നല്‍കുന്നത്.